തിരുവനന്തപുരം: മെഡിക്കൽ കോളജിൽ യുവഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു.
ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പിജി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തിൽ ഡോക്ടർ ഷഹനയുടെ ബന്ധുക്കൾ നാളെ സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകും.
ചൊവ്വാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ഷഹനയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഷഹാന കുറിച്ചിരുന്നു. ഷഹാനയുടെയും റുവൈസിന്റെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും റുവൈസും കുടുംബവും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.