കൊളത്തൂർ: വാടക ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടത്തിയ മൂന്ന് പേർ പിടിയില്‍. കൊളത്തൂര്‍ കുരുവമ്പലത്ത് വാടക ഫ്ലാറ്റില്‍ നിന്ന് 3.260 ഗ്രാം സിന്തറ്റിക് ലഹരിമരുന്നും വില്പനക്കുള്ള പാക്കറ്റുകളും ത്രാസും പിടിച്ചെടുത്തു. മഞ്ചേരി നറുകര സ്വദേശികളായ വട്ടപ്പറമ്പില്‍ ഷിയാസ് (24), ചെനാംകുന്നില് അഭിജിത്ത് (23), മേലാക്കം സ്വദേശി മുഹമ്മദ് ഫാരിസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗവും വില്പനയും വര്‍ധിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം എ.എസ്.പി പി.ബി. കിരണ്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.കെ. സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസും ജില്ല ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊളത്തൂര്‍ എസ്.ഐ. സി. ബാബു, എസ്.സി.പി.ഒ ഹരിജിത്ത്, സി.പി.ഒ നിഖീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.