ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവലായ ‘മവാസോ’യിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന് ക്ഷണം. ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം എം പി, സംസ്ഥാന പ്രസിഡന്റ് വി കെ സനോജ്, അഖിലേന്ത്യ കമ്മിറ്റി അംഗമായ എം ഷാജർ എന്നിവരാണ് തരൂരിന്റെ ഡൽഹിയിലെ വസതിയിലെത്തി ക്ഷണിച്ചത്. എന്നാൽ അന്നേദിവസം മറ്റു പരുപാടികളാൽ തിരക്കാണെന്നും മവാസോയിൽ പങ്കെടുക്കാൻ അസൗകര്യം ഉണ്ടെന്നും തരൂർ മറുപടി നൽകി. എ എ റഹീം എം പി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

യുവജനങ്ങൾക്ക് സംരംഭക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ ‘മവാസോ’ എന്ന പേരിൽ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരളത്തിലെ എൽ ഡി എഫ് സർക്കാർ സംസ്ഥാനത്തെ വ്യവസായികമായ ഉന്നതിയിലേക്ക് നയിക്കുന്നെന്നും നിക്ഷേപ സംരംഭക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ കേരളം വളരെയേറെ മുന്നിലെത്തി എന്നും ശശി തരൂർ ഒരു ലേഖനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ലേഖനത്തെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവുൾപ്പടെ മുതിർന്ന യു ഡി എഫ് നേതാക്കൾ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ തരൂരിനെ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
നാടിൻറെ പുരോഗതിക്ക് നന്മയുണ്ടാക്കുന്ന ഒന്നിലും രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്നാൽ മുൻകൂട്ടി പറഞ്ഞു വെച്ചിരിക്കുന്ന ചില പരിപാടികൾ ഉള്ളതിനാൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു തരൂരിന്റെ മറുപടി. ഡി വൈ എഫ് ഐ യുടെ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസിനെയും തരൂർ അഭിനന്ദിച്ചു എന്നും എ എ റഹീം കുറിച്ചു. മാർച്ച് 1 നാണ് ‘മവാസോ 2025’ ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ചാണ് പരുപാടി സംഘടിപ്പിക്കുന്നത്.