പശ്ചിമ ബംഗാളിൽ ഇഡി സംഘത്തിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപ് എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് സംഘം വീണ്ടും നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പുലർച്ചെ പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിലെ രണ്ട് മന്ത്രിമാരുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് ആരംഭിച്ചു. പരിശോധന ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മുനിസിപ്പൽ കോർപ്പറേഷൻ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പുറത്തു വരുന്ന വിവരം.
ഫയർ സർവീസ് മന്ത്രി സുജിത് ബോസിൻ്റെ വീടുകളിലും ഓഫീസുകളിലും ഇഡിയുടെ ഒരു സംഘം പരിശോധന നടത്തുകയാണ്. അതേസമയം മറ്റൊരു സംഘം മന്ത്രി തപസ് റോയിയുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഈ രണ്ട് മന്ത്രിമാരെക്കൂടാതെ മുൻസിപ്പാലിറ്റി മുൻ വൈസ് പ്രസിഡന്റിൻ്റെ വീട്ടിലും ഇഡി റെയ്ഡ് നടക്കുകയാണ്.
റേഷൻ കുംഭകോണക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വീട് റെയ്ഡ് ചെയ്യാൻ ഇഡി സംഘം എത്തിയപ്പോഴായിരുന്നു അക്രമാസക്തരായ ജനക്കൂട്ടം അവരെ ആക്രമിച്ചത്. പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ വച്ചായിരുന്നു ആക്രമണം. ഗ്രാമവാസികളുടെ സംഘം ഓഫീസർമാരെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഇഡി ഉദ്യോഗസ്ഥർക്കൊപ്പം സിആർപിഎഫ് ജവാന്മാരുടെ വാഹനങ്ങളും ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തിൽ മൂന്ന് ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റുിരുന്നു.
പശ്ചിമ ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഇഡിയുടെ ആക്ടിംഗ് ഡയറക്ടർ രാഹുൽ നവീൻ കൊൽക്കത്തയിൽ എത്തിയിരുന്നു. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭയപ്പെടേണ്ടെന്നും നിർഭയമായി അന്വേഷിക്കണമെന്നും യോഗത്തിൽ അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ബംഗ്ലാദേശുമായുള്ള ഷാജഹാൻ ഷെയ്ക്കിൻ്റെ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎയുമായി ചേർന്ന് പ്രവർത്തിക്കാൻ ആക്ടിംഗ് ഇഡി ഡയറക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.#ed-raid