കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയലക്ഷ്യം വച്ചുളളതാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സാലോജിക് –സിഎംആർഎലുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആർഒസി റിപ്പോർട്ട് അസംബന്ധമാണെന്നും അതുവച്ച് വീണയെ വേട്ടയാടുകയാണെന്നും ജയരാജൻ പ്രതികരിച്ചു. ‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെല്ലാം ഭ്രാന്ത് ഇളകിയാണ്. ആർഒസി പറയുന്നതെല്ലാം സത്യമാകണമെന്നുണ്ടോ? നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് ഒരു ഷെയർ എടുത്തു. മുഖ്യമന്ത്രിയാണ് അതിന്റെ ആൾ. ഇവിടെ സഹകരണ സംഘത്തിൽ നിന്ന് നിങ്ങളൊരു ലോണെടുത്തിട്ട് കൊടുത്തില്ലെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാകുമോ? ഈ സഹകരണ സംഘവും മുഖ്യമന്ത്രിയുടെ കീഴിലല്ലേ. ഇവിടെ എത്രമാത്രം സഹകരണ സംഘങ്ങളുണ്ട്. അദ്ദേഹത്തെ നിങ്ങൾക്ക് ഒരു തരത്തിലും ആക്ഷേപിക്കാൻ കഴിയാതെ വന്നപ്പോൾ കണ്ടുപിടിച്ച ഒരു വിദ്യയാണിത്. എക്‌സാലോജിക്കിന്റെ കാര്യങ്ങളെല്ലാം അവർ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. എന്താണ് വീണ ചെയ്ത തെറ്റ്? അവർ ഐടി മേഖലയിലെ പ്രഗത്ഭയാണ്. ഒരു പെൺകുട്ടിയെ വെറുതെ വേട്ടയാടുകയാണ്’ – ജയരാജൻ വ്യക്തമാക്കി.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ടാണ് വീണാ വിജയനും കമ്പനിയായ എക്‌സാലോജിക്കിനെതിരെയും കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരെ വരുന്നത്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.