ആയിരക്കണക്കിനാളുകളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം പൊളിച്ച് നിർണായക രേഖകൾ. എൻജിഒ കോൺഫെഡറേഷൻ ഒരു കറക്കു കമ്പനി ആണെന്നും ട്രസ്റ്റിന്റെ പൂർണ അധികാരി ആനന്ദകുമാറെന്നും തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരിക്കുകയാണ്.കെ എൻ ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് എൻജിഒ കോൺഫെഡറേഷൻ സ്ഥാപക അംഗങ്ങളെന്നാണ് ഈ രേഖയിൽ നിന്നും വ്യക്തമാകുന്നത്.
അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും രേഖകളിൽ പറയുന്നു. കൂടുതൽ അംഗങ്ങളെ നിർദ്ദേശിക്കാനുള്ള അധികാരവും ചെയർമാനു തന്നെയാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദ് കുമാറിന് എപ്പോ വേണമെങ്കിലും രാജി വയ്ക്കാം. പുതിയ ആളെ നിർദ്ദേശിക്കാനുള്ള അധികാരവും ആനന്ദ് കുമാറിനാണ്.
അതേ സമയം, പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാമം മേധാവി കെഎൻ ആനന്ദകുമാറിനൊപ്പം, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തു കൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍. കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ബീനയും എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ മുഖമായിരുന്നു. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്‍റെ ചെയര്‍പേഴ്സന്‍ കൂടിയായ ബീന.