കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ കനത്ത തിരിച്ചടി. രാജ്യത്തിന്റെ പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നും 283 പ്രവാസികളെ പിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നര വർഷത്തിനുള്ളിലാണ് ഇത്രയും പേരെ പിരിച്ചുവിട്ടതെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2020 മാർച്ച് മുതൽ 2023 ആഗസ്റ്റ് 17 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയും പേരെ പിരിച്ചുവിട്ടത്. നിലവിൽ 242 പ്രവാസികൾ മാത്രമാണ് പൊതുമരാമത്ത് മന്ത്രാലയത്തിൽ ജോലി ചെയ്യുന്നത്. രാജ്യത്തെ സർക്കാർ വകുപ്പുകളിൽ കുവൈത്ത് സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സർക്കാരിന് കീഴിൽ വരുന്ന ഓരോ വകുപ്പുകളിലും കുവൈത്ത് വത്കരണം നടപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
നിലവിൽ പൊതുമരാമത്ത് വകുപ്പിൽ പ്രവാസികൾ സൂപ്പർവൈസർ അല്ലെങ്കിൽ നേതൃപദവികൾ ഒന്നും വഹിക്കുന്നില്ല. കുവൈത്തികളല്ലാത്തവരെ ഒരു മേൽനോട്ടത്തിലോ നേതൃസ്ഥാനത്തോ നിയമിക്കേണ്ടതില്ലെന്ന കാബിനറ്റിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനം. നേരത്തെയും സർക്കാർ വിവിധ വകുപ്പുകളിൽ സ്വദേശി വത്കരണം നടപ്പാക്കിയിരുന്നു. ഇതേ തുടർന്ന് ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാൻ കുവൈത്തിന് പദ്ധതിയുണ്ട്.