തിരുവനന്തപുരം: വിദേശ സർവകലാശാല സംബന്ധിച്ച് പൂർണമായും തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കുമെന്നും ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ബിന്ദു പറഞ്ഞു.
അതേസമയം വിദേശ സര്‍വകലാശാല സംബന്ധിച്ച കാര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞില്ലെന്ന വാർത്ത മന്ത്രി നിഷേധിച്ചില്ല. വകുപ്പ് അറിയാതെയാണോ തീരുമാനമെന്ന് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് ബിന്ദു പറഞ്ഞു. നയപരമായ കാര്യത്തിൽ ഇപ്പോൾ വിശദീകരണം നൽകാൻ താൻ താത്പര്യപ്പെടുന്നില്ല.തന്‍റെ വകുപ്പ് തീരുമാനം അറിഞ്ഞില്ലെന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
വിദേശ സർവകലാശാലയുടെ കാര്യത്തിൽ ധനമന്ത്രി പറഞ്ഞത് അന്തിമ തീരുമാനമല്ല. കിട്ടാവുന്ന സാധ്യത ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ധനമന്ത്രി പറഞ്ഞത്. വിദേശ സർവകലാശാലകളുടെ വാണിജ്യ താത്പര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കുട്ടികൾ കബളിപ്പിക്കപ്പെടുമോയെന്നും പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.#r-bindu