വയനാട്: കല്ലൂർകുന്നിൽ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു… വയനാട് വാകേരി കൂടല്ലൂരിൽ യുവകർഷകൻ പ്രജീഷിനെ കടിച്ചുകീറി ഭക്ഷിച്ച് കൊന്ന കടുവയുടെ അതേ കാൽപ്പാടുകളാണ് കല്ലൂർകുന്നിലും കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ആറ് കിലോമീറ്റർ അകലെ നിന്നുമാണ് പശുവിനെ കടുവ പിടികൂടിയത്.
ഇതോടെ മേഖലയിൽ കടുവയെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ സ്ഥാപിച്ചു. കൂടുതൽ നടപടികൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും കല്ലൂർകുന്നിലെത്തും. കടുവയെ പിടികൂടാനായി രണ്ട് കൂടുകൾ കൂടി സ്ഥാപിച്ചു. പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കൂടല്ലൂരിൽ ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി.ക്യാമറ ട്രാപ്പുകൾ പരിശോധിച്ചും കാൽപ്പാടുകൾ തേടിയുമാണ് നരഭോജി കടുവയ്ക്കായി തിരച്ചിൽ ശക്തമാക്കിരിക്കുന്നത്.
ഡബ്ല്യൂ ഡബ്ല്യു എൽ 45 എന്ന പതിമൂന്ന് വയസുള്ള ആൺകടുവയാണ് പ്രജീഷിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കൂടല്ലൂരിലെ കോഴിഫാമിനോട് ചേർന്ന് സ്ഥാപിച്ച രണ്ട് ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതും വനംവകുപ്പിന്റെ കൈവശമുള്ള ചിത്രവും ഒത്തുനോക്കിയാണ് കടുവയെ തിരിച്ചറിഞ്ഞത്.നരഭോജി കടുവയെ തിരിച്ചറിഞ്ഞതോടെ ഇതിനെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രജീഷിന്റെ വീട് സന്ദർശിക്കും.