ചെന്നെെ : അജ്ഞാതന്റെ ആക്രമണത്തിൽ നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ താരത്തിന് പരിക്ക്. തമിഴ് ബിഗ് ബോസ് ഷോയിലെ മുൻ മത്സരാർത്ഥി വനിത വിജയകുമാറിന് നേരെയാണ് അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. വനിത തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കണ്ണിന്റെ താഴയാണ് പരിക്കേറ്റത്. ഇതിന്റെ ചിത്രവും നടി പങ്കുവച്ചിരുന്നു. തമിഴ് ബിഗ് ബോസിന്റെ പുതിയ സീസണിൽ വനിതയുടെ മകൾ ജോവിക മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാർത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വനിതയുടെ ആരോപണം. പ്രദീപ് ഷോയിൽ നിന്ന് പുറത്താകാൻ കാരണം ജോവികയാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വനിത പറഞ്ഞു. ‘എന്നെ അതിദാരുണമായി ആക്രമിച്ചത് ആരാണെന്ന് ദെെവത്തിന് മാത്രമറിയാം. പ്രദീപ് ആന്റണിയെ പിന്തുണയ്ക്കുന്ന ആരോ ആണ്. ബിഗ് ബോസ് തമിഴ് സീസൺ ഏഴിന് റിവ്യൂ ചെയ്ത് കഴിഞ്ഞ് സഹോദരി സൗമ്യയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് അടുത്തേയ്ക്ക് നടക്കുകയായിരുന്നു ഞാൻ. ഈ സമയം എവിടെ നിന്നോ ഒരാൾ വന്ന് റെഡ് കാർഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച ശേഷം ഓടിപ്പോയി’. എന്നാണ് വനിത എക്സിൽ കുറിച്ചത്.