മുനമ്പം ഭൂമിയുടെ പേരിൽ നടക്കുന്ന സമരത്തിന്റെ 100മത് ദിനത്തില്‍ സമരപ്പന്തലില്‍ എത്തി ഫ്രാന്‍സിസ് ജോര്‍ജ് എംപി നടത്തിയ പ്രസ്താവന ഇപ്പോൾ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കമെന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപിയുടെ പ്രഖ്യാപനം. തന്റെ നിലപാടറിയിച്ച് എം പി രംഗത്തുവന്നതോട കുരുക്കിലായത് യുഡിഎഫ് ആണ്. യുഡിഎഫ് എംപിയുടെ നിലപാടിനെ ബിജെപിയും സ്വാഗതം ചെയ്തു രംഗത്തുവന്നതോടയാണ് വിഷയത്തില്‍ യുഡിഎഫ് പ്രതിസന്ധിയിലായത്.
പാര്‍ലമെന്റില്‍ വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞത്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തയാറാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
നിലവിലുള്ള വഖഫ് നിയമത്തിലെ നിര്‍ദയമായ വകുപ്പുകളോട് മനഃസാക്ഷിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഈ ബില്‍ അവതരണത്തില്‍നിന്ന് പിന്നോട്ട് പോകരുതെന്നും എം.പി പറഞ്ഞു. അതേസമയം വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തി. ഫ്രാന്‍സിസ് ജോര്‍ജിന്റേത് ഉറച്ച നിലപാടാണെങ്കില്‍ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുനമ്പം ഭൂസമരത്തിന്റെ 100-ാം ദിനത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരത്തിന്റെ സമാപനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്. മുനമ്പം വിഷയം പരിഹരിക്കാതെ പോകുന്നതിലെ അമര്‍ഷമാണ് കേന്ദ്രബില്ലിന് അനുകൂല നിലപാടിലേക്ക് ക്രൈസ്തവ സംഘടനകള്‍ പോകാനും കാരണം.