ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും. ആദ്യ ബാച്ചിൽ 13 പേരെയായിരിക്കും മോചിപ്പിക്കുന്നത്. ബന്ദികളുടെ ലിസ്റ്റ് ഇസ്രയേലിന് കൈമാറി.
ഹമാസും ഇസ്രയേലും കരാർ വ്യവസ്ഥകൾ പൂർണമായി പാലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്നാണ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സംഘടനകളുടെ വിശ്വാസം.
ഖത്തറിന്റെ നേതൃത്വത്തിൽ ഈജിപ്റ്റും അമേരിക്കയും സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുങ്ങിയത്.
ഇന്ന് രാത്രി 8 വരെ വെടിനിറുത്തലിനെ കുറിച്ച് ഇസ്രയേലും ഹമാസും തമ്മിൽ ആശയക്കുഴപ്പം നടന്നിരുന്നു. പിന്നീടാണ് തീരുമാനമായത്. മോചിപ്പിക്കേണ്ട ബന്ദികളെ സംബന്ധിച്ച ആശയക്കുഴപ്പമാണ് വെടിനിറുത്തൽ തീരുമാനം വൈകാൻ കാരണം.
ഹമാസും ഇസ്രയേലും 3:1 അനുപാതത്തിൽ ബന്ദികളെ മോചിപ്പിക്കണമെന്നാണ് കരാർ. ഇതനുസരിച്ച് ആദ്യം ഹമാസ് 50ഉം ഇസ്രയേൽ 150ഉം ബന്ദികളെ മോചിപ്പിക്കും. സ്ത്രീകളെയും 18വയസിൽ താഴെയുള്ളവരെയുമായിരിക്കും ആദ്യം മോചിപ്പിക്കുക.
അതിനിടെ വെടിനിറുത്തലിനെ ചൊല്ലി ഇസ്രയേൽ, പാലസ്തീൻ പ്രതിനിധികൾ യു. എന്നിൽ കൊമ്പ് കോർത്തു. ഇസ്രയേൽ കൂട്ടക്കൊല വീണ്ടും തുടങ്ങുന്നതിന് മുമ്പുള്ള ഇടവേള മാത്രമാണ് വെടിനിറുത്തലെന്ന് പാലസ്തീൻ അംബാസഡർ റിയാദ് മൻസൂർ ആരോപിച്ചു. തങ്ങൾ യുദ്ധനിയമങ്ങൾ പാലിക്കുകയാണെന്നും വെടിനിറുത്തൽ അവസാനിച്ചാലുടൻ പൂർണ ശക്തി പ്രയോഗിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നും ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞു.
ഗാസയിലെ അൽ ഷിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയയെയും സീനിയർ ഡോക്ടർമാരെയും ഇസ്രയേൽ സേന അറസ്റ്റ് ചെയ്തു. തെക്കൻ ഗാസയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ ഷിൻ ബിറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച്, ആശുപത്രികളിൽ നിന്ന് പരിക്കേറ്റവരെയും മെഡിക്കൽ സ്റ്റാഫിനെയും ഒഴിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.ഗാസ സിറ്റിക്ക് സമീപമുള്ള ഷെയിക് റദ്വാനിൽ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ജബാലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണത്തിൽ നാല് പാലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ലെബനണിലെ നിരവധി ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ പോർവിമാനങ്ങൾ ഇന്നലെ രൂക്ഷമായ ബോംബാക്രമണം നടത്തി. അൽ മർജ് മേഖലയിൽ തങ്ങൾ നടത്തിയ ആക്രമണത്തിൽ നിരവധി ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
240 പേരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. അതേസമയം 7200 പാലസ്തീനികളാണ് ഇസ്രയേൽ ജയിലുകളിലുള്ളത്. ഇതിൽ മൂന്നിലൊന്നും ഇപ്പോഴത്തെ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ തടവിലാക്കിയവരാണ്. വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90 പാലസ്തീനികളെ ഇസ്രയേൽ പിടികൂടിയിട്ടുണ്ട്.