മലപ്പുറം താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ കുട്ടികളെ താത്കാലികമായി കെയർ ഹോമിലേക്ക് മാറ്റും. താനൂരിൽ നിന്നുമുള്ള പോലീസ് സംഘം അവിടേക്ക് തിരിച്ചിട്ടുണ്ട്. അവിടെ എത്തിയ ശേഷം കുട്ടികളെ കൈമാറും. പുണെയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ എഗ്മോർ – മുംബൈ ട്രെയിനിലാണ് കുട്ടികൾ യാത്ര തിരിച്ചത്. കുട്ടികൾക്കായി വ്യാപക തിരച്ചിലാണ് പോലീസ് നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷക്ക് പോകുന്നു എന്ന് പറഞ്ഞാണ് കുട്ടികൾ വീടുവിട്ടിറങ്ങിയത്. കുട്ടികളുടെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ആരംഭിക്കുകയും ഇവർ താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറുന്ന സി സി ടി വി വിഷ്വലുകൾ ലഭിക്കുകയും ചെയ്തു. കോഴിക്കോട് എത്തിയപ്പോഴേക്കും ഇരുവരെയുടെയും ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. പെൺകുട്ടികൾ സലൂണിലെത്തി മുടിവെട്ടിയതിന്റെ വിഡിയോയാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്. അതോടൊപ്പം ഇവരുടെ ഫോണുകളിലേക്ക് വിളിച്ച റഹിം അസ്ലം എന്നയാളുടെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണെന്ന് ആണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം അവിടേക്ക് നീണ്ടത്. കേരളത്തിൽ തിരിച്ചെത്തിയ റഹിമിനോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.