കണ്ണൂർ: അന്തരിച്ച മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരം. തലശ്ശേരി ഗവ. കോളേജ് ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്ന് അറിയപ്പെടും . ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. കോളജിനു കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ കത്ത് നൽകിയിരുന്നു. കോളേജിന്റെ ഉന്നമനത്തിനു പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണു പേരുമാറ്റമെന്നു മന്ത്രി പറഞ്ഞു.