കൊല്ലം: എസ്. എഫ്.ഐ നടത്തിയ കരിങ്കൊടി സമരത്തിന് പിന്നാലെ കേന്ദ്ര ഇടപെടലിൽ സ്വന്തം സുരക്ഷയ്ക്ക് ഗവർണർ സി.ആർ.പി.എഫിനെ ലഭ്യമാക്കിയതോടെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി.
എങ്കിലും ഗവർണറുടെ യാത്രകളിൽ തുടർന്നും ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസ് തന്നെയാണ്. സി.ആർ.പി.എഫിന് കേസെടുക്കാനോ അന്വേഷണത്തിനോ അധികാരമില്ല. സമരത്തിൽ നിന്ന് എസ്. എഫ്. ഐ പിൻമാറാതിരിക്കുകയും മുഖ്യമന്ത്രി ഗവർണറെ തള്ളിപ്പറയുകയും ചെയ്തതോടെ ഏറ്റുമുട്ടലിന് പുതിയൊരു മുഖം കൈവന്നു.
ഇസഡ്-പ്ലസ് കാറ്റഗറിയിലാണ്സുരക്ഷ. പരിപാടികളും യാത്രകളും യന്ത്രത്തോക്കേന്തിയ കേന്ദ്രസേനയുടെ കാലവിലായിരിക്കും. രാജ് ഭവൻ ഗേറ്റിൽ പൊലീസ് തുടരും. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ സുരക്ഷ ഏറ്റെടുത്തു. ഗവർണറുടെ ഡിഫൻസ് എ.ഡി.സിയായ നാവികസേനയിലെ ലഫ്‌റ്റനന്റ് കമാൻഡർ അനുജ് ശർമ്മയ്ക്കായിരിക്കും സുരക്ഷാ ഏകോപനം.
അസി.കമൻഡാന്റ് റഷീദിന്റെ നേതൃത്വത്തിൽ 56 പൊലീസുകാരെയാണ് നിയോഗിച്ചത്. രാജ്ഭവനുള്ളിലടക്കം ഒരു ഷിഫ്‌റ്റിൽ 120 സി.ആർ.പി.എഫുകാരുണ്ടാവും. 1975മുതൽ 10 വർഷത്തിലേറെ രാജ്ഭവൻ സുരക്ഷ സി.ആർ.പി.എഫിനായിരുന്നു.
തിരുവനന്തപുരത്ത് മൂന്നിടത്ത് എസ്.എഫ്.ഐ ഗവർണറെ നടുറോഡിൽ തടഞ്ഞിരുന്നു. കാർ ആക്രമിച്ച് നാശനഷ്ടമുണ്ടാക്കി. അന്നും അദ്ദേഹം നടുറോഡിലിറങ്ങി ക്ഷോഭിച്ചിരുന്നു. തുടർന്ന് ഡിസംബറിൽ കേന്ദ്രത്തിന് റിപ്പോർട്ടയച്ചിരുന്നു.#GOVERNOR