തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേയ്ക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നോമിനികളായി ബി ജെ പി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. സെനറ്റിലെ 17 പേരിൽ സർവകലാശാല നിർദേശിച്ച പട്ടിക തിരുത്തിയാണ് ഗവർണർ തനിയ്ക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്.
17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബി ജെ പി അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബി ജെ പി മുഖപത്രത്തിന്റെ ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും ഗവർണറുടെ നോമിനിയായി സെനറ്റിൽ ഉണ്ട്. സർവകലാശാല നിർദേശിച്ച പേരുകൾ വെട്ടിയാണ് ഗവർണർ പുതിയ പേരുകൾ ചേർത്തത്.
അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വി.സി സ്ഥാനത്ത് നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ നീക്കിയ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. ചാന്‍സലറായ താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചത്.
പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമോ എന്നത് ധാര്‍മികതയുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.