തിരുവനന്തപുരം: ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. സമരത്തിന്റെ ഭാഗമായി ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. എന്നാൽ നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവർണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.
സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്. സർക്കാർ – ഗവർണർ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബിൽ അയയ്ക്കുമെന്നയിരുന്നു സർക്കാരിന് ആശങ്ക. എന്നാൽ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതിനു മുമ്പ് ബിൽ നിയമമായില്ലെങ്കിൽ പ്രയോജനം സർക്കാരിനും എൽഡിഎഫിനും ലഭിക്കില്ല. ഇതാണ് ഗവർണർക്കെതിരെ പ്രത്യക്ഷ സമരം നടത്താൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്.
ജനുവരി നാലു മുതൽ ആറുവരെ പഞ്ചായത്ത് തലത്തിൽ സമര പ്രഖ്യാപനം നടത്തും. ഒൻപതിന് കർഷകരെ പങ്കെടുപ്പിച്ച് രാജ്ഭവൻ മാർച്ചും നടത്തും. അതേ സമയം ചട്ടത്തിൽ മാത്രം മാറ്റം വരുത്തിയാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നാണ് യുഡിഎഫ് ഇപ്പോൾ പറയുന്നത്. നിയമ ഭേദഗതി വരുത്തി പ്രശ്നം സങ്കീർണ്ണമാക്കിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.#ldf
Read more- സജി ചെറിയാനെതിരെ കെസിബിസി രംഗത്ത്