വെഞ്ഞാറമ്മൂട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി നൽകി. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തി. ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് രണ്ട് ദിവസം അസ്വസ്തത അനുഭവപ്പെട്ടത്. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് കുട്ടികളെ മറ്റൊരു ഹാളിലേക്ക് മാറ്റുകയായിരുന്നു. പിന്നീടും അസ്വസ്തത വന്നതോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വാമനപുരം പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകി. എല്ലാക്ലാസ് മുറികളും അണുവിമുക്തമാക്കി. അതേ സമയം വെള്ളിയാഴ്ച ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഒരാഴ്ച മുൻപ് സ്കൂളിൽ നടന്ന ചോക്ക് നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ പൊടി പടലമാകാം പ്രശ്നത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ സ്കൂൾ ഇന്ന് തുറന്ന് പ്രവർത്തിച്ചു.