തിരുവല്ല: ശബരിമലയിൽ ആരോഗ്യ വകുപ്പിന്റെ ആശുപത്രികൾ എത്തി.. ആരോഗ്യ വകുപ്പിന്റെ അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ എല്ലാ സൗകര്യങ്ങളുമായാണ് ഇത്തവണ ശബരിമലയിലെത്തിയത്. ഭക്തർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ പമ്പ മുതൽ ലഭ്യമാണ്. കാര്‍ഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഫര്മണോളജിസ്റ്റ്, ഫിസിഷന്‍, ഓര്‍ത്തോ, അനസ്തേഷ്യ, സര്ജന് തുടങ്ങിയവരുടെ സേവനങ്ങൾ അലോപ്പതി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
ഹൃദയാഘാതത്തിനുള്ള അടിയന്തര ചികിത്സ, പാമ്പ് വിഷബാധ – പേവിഷബാധ തുടങ്ങിയവക്കുള്ള ചികിത്സയുമുണ്ട്. കൂടാതെ ഒ.പി സേവനം, ഐ.സി.യു, വെന്റിലേറ്റര്‍, മൈനര്‍ സര്‍ജറിക്കുള്ള സംവിധാനം തുടങ്ങി സൗകര്യങ്ങളും 24 മണിക്കൂറും ഉറപ്പാക്കുന്നു. അഡ്വാന്‍സഡ് ലൈഫ് സപ്പോർട്ടിൽ വിദഗ്ധ പരിശീലനം ലഭിച്ച നഴ്സുമാരുടെ സേവനവും നടപ്പന്തലിന് സമീപത്തെ ആശുപത്രിയിൽ ലഭ്യമാണ്. പമ്പയില്‍നിന്ന് സന്നിധാനത്തിലേക്കുള്ള പാതയിൽ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.