ചെന്നൈ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്തമഴയിൽ വൻ നാശനഷ്ടം. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതവും റെയിൽ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.മഴക്കെടുതികളെ തുടർന്ന് സംസ്ഥാനത്ത് നാല് മരണം റിപ്പോർട്ട് ചെയ്തിരുന്നു..
അതേസമയം, തിരുച്ചെന്തൂരിൽ നിന്ന് 800 യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ‘ഷെന്തൂർ എക്സ്പ്രസ്’ കനത്തമഴയെ തുടർന്ന് തിങ്കളാഴ്ച രാത്രി 8.30 ന് ശ്രീവൈകുണ്ഡം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. 300 ഓളം യാത്രക്കാരെ നാട്ടുകാരുടെ ശ്രമഫലമായി രക്ഷപ്പെടുത്തിയെങ്കിലും മഴകനത്തതിനാൽ രക്ഷാപ്രവർത്തനം മുടങ്ങി.