കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് ഹൈക്കോടതിയുടെ വിമർശനം. ഇ ഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. അന്വേഷണം തടയാൻ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
കിഫ്ബി ഇഡി സമൻസിന് മറുപടി നൽകണം, അല്ലാതെ ഒരേ കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. എന്നാൽ ആറാം തവണയാണ് തനിക്ക് ഇഡിയുടെ സമൻസ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ വ്യക്തമാക്കി. ഇത് പീഡനമാണ്, അക്കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്‌ബി സി ഇ ഒ കോടതിയിൽ വ്യക്തമാക്കി. എന്നാൽ പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു. ഇഡിയുടെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കിഫ്ബി സമയം തേടി. അന്വേഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കേസ് കോടതി അടുത്ത മാസം ഒന്നിലേക്ക് മാറ്റി.
മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നുവെന്നും അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നുമാണ് ഇഡി സംഘത്തിന്റെ ആരോപണം. പത്ത് മാസമായി കിഫ്ബിയടക്കം എതിർകക്ഷികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല. നിയമത്തെപ്പറ്റി പരിജ്ഞാനമുളള എതിർ കക്ഷികൾ മനപൂർവം നിസഹകരിക്കുകയാണ്. എതിർ കക്ഷികൾക്ക് സമൻസ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ലെന്നും ഇഡി പറയുന്നു.