ബംഗളൂരു: ഹിന്ദു സ്ത്രീകൾ ഒന്നോ രണ്ടോ കുട്ടികളെ മാത്രം പ്രസവിച്ചാൽ പോരെന്നും അല്ലാത്തപക്ഷം മുസ്ലിം ജനസംഖ്യ രാജ്യത്ത് ഉയരുമെന്നും ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച. ജനുവരി ഏഴിന് ബെൽത്തങ്ങാടിയിൽ നടന്ന അയ്യപ്പദീപോത്സവ ധാർമിക സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്ത് മുസ്ലിങ്ങൾ ഭൂരിപക്ഷമാകുന്ന സ്ഥിതിയുണ്ടായാൽ ഹിന്ദുക്കളുടെ അവസ്ഥ കൂടുതൽ ദുഷ്കരമായിരിക്കുമെന്നും ഹിന്ദുക്കൾ അതേക്കുറിച്ച് ആലോചിക്കണമെന്നും പൂഞ്ച പറഞ്ഞു.
‘ഇന്ത്യയിൽ ഹിന്ദു ജനസംഖ്യ 80 കോടിയാണെന്നും മുസ്ലീങ്ങൾ വെറും 20 കോടിയാണെന്നുമാണ് ചിലയാളുകളുടെ ധാരണ. മുസ്ലീങ്ങൾ എണ്ണത്തിൽ കുറവാണെന്നും അവർ രാജ്യത്തിന് ദ്രോഹം ചെയ്യില്ലെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഈ വസ്തുതയെ മാറ്റി ചിന്തിക്കേണ്ടതുണ്ട്. മുസ്ലിങ്ങൾ നാല് കുട്ടികളെ പ്രസവിക്കുമ്പോൾ ഹിന്ദുക്കൾ ഒന്നോ രണ്ടോ കുട്ടികളെ മാത്രമാണ് പ്രസവിക്കുന്നത്. 20 കോടി മുസ്ലീങ്ങൾ നാല് കുട്ടികൾ വീതം പ്രസവിച്ചാൽ അവരുടെ ജനസംഖ്യ 80 കോടി വരും. ഹിന്ദുക്കളുടെ ജനസംഖ്യ 20 കോടിയായി കുറയും. മുസ്ലീം ജനസംഖ്യ 80 കോടിയിൽ എത്തുകയും ഹിന്ദുക്കളുടെ എണ്ണം കുറയുകയും ചെയ്താൽ ഈ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാനാകുമോ? ഈ രാജ്യത്ത് മുസ്ലീങ്ങൾ ഭൂരിപക്ഷമായാലുള്ള ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ച് എല്ലാവരും ആലോചിക്കുന്നതാണ് നല്ലത്,’ പൂഞ്ച പറഞ്ഞു.