പൂനെ: ഗ്യാൻവാപി, മഥുര പള്ളികൾ ഹിന്ദുക്കൾക്ക് മുസ്‍ലിമുകൾ വിട്ടുനൽകണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് നേതാവ്. രണ്ടു വിഷയങ്ങളും രമ്യമായി പരിഹരിച്ചാൽ മറ്റു പള്ളികൾക്കു പിന്നാലെ ഹിന്ദുക്കൾ വരില്ലെന്നും ട്രസ്റ്റ് ട്രഷറർ ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ് വാദിച്ചു.
പൂനെയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”മൂന്ന് ക്ഷേത്രങ്ങൾ വിട്ടുകിട്ടിയാൽ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. അയോധ്യ, ഗ്യാൻവാപി, കൃഷ്ണ ജന്മഭൂമി എന്നീ മൂന്നു ക്ഷേത്രങ്ങൾ സമാധാനപരമായി ലഭിച്ചാൽ, മറ്റെല്ലാം ഞങ്ങൾ മറക്കും.’-ഗോവിന്ദ്‌ദേവ്.
മൂന്നു ക്ഷേത്രങ്ങളുടെ കാര്യത്തിലും കൈകൂപ്പിയാണ് താൻ അപേക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശകരുടെ ആക്രമണത്തിലുണ്ടായ വൻ മുറിവുകളാണു മൂന്നും. ജനങ്ങൾ അതിന്റെ വേദനയിലാണ്. ആ വേദനയ്ക്കു സമാധാനപരമായി ശമനം നൽകാൻ മുസ്‌ലിംകൾക്ക് ആകുമെങ്കിൽ അതു സാഹോദര്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നും ഗോവിന്ദ്‌ദേവ് ഗിരി ചൂണ്ടിക്കാട്ടി.