ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് വൈറസിന് ശേഷം ചൈനയിൽ നിന്നും പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന വിവരം ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു എന്ന വാർത്തകളും ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. ചൈനയുടെ അയൽ രാജ്യങ്ങളിൽ എല്ലാം തന്നെ ഗൗരവതരമായ രീതിൽ ജാഗ്രതാ നിർദേശം നല്കിയിട്ടുണ്ട്.ഹ്യൂമൻ മെറ്റന്യൂമോ വൈറസ്സാണ് (എച്ച്എംപിവി) ചൈനയിൽ പടർന്നു പിടിക്കുന്നതെന്നും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നെല്ലാമുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഹോങ്കോങ്ങിലും എച്ച്.എം. പി.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ രോഗം പടരാതിരിക്കാനുള്ള സാധ്യതകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എന്നാൽ, വൈറസ് പടരുന്നതിനെ കുറിച്ച് ലോകാരോഗ്യ സംഘടന ഇതുവരെയും ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ മുൻകരുതലുകൾ എടുത്താൽ മതിയെന്നും കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു…
വാർത്തകൾ പ്രചരിക്കുന്നപോലെ ഭീതിജനകമായ സാഹചര്യം യഥാർത്ഥത്തിൽ ഉണ്ടോ..? എന്താണ് എച്ച്.എം. പി.വി വൈറസുകൾ..? എന്തല്ലാമാണ് ലക്ഷണങ്ങൾ..? മുൻകരുതലുകൾ എന്താണ്.. ? വിശദമായി പരിശോധിക്കാം…
എന്താണ് എച്ച്.എം.പി.വി വൈറസ് ?
ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വർഗത്തിൽപെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളിൽ നിന്നുള്ള സാമ്പിളുകൾ പഠിക്കുന്നതിനിടെ 2001 ൽ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.
ലക്ഷണങ്ങൾ
എച്ച്എംപിവിയുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ലക്ഷണങ്ങൾ ഇവയാണ്. ചുമ, മൂക്കൊലിപ്പ് പനി, തൊണ്ടവേദന, ശ്വാസതടസ്സം , ഗുരുതര കേസുകളിൽ ശ്വാസതടസ്സം. ചില സന്ദർഭങ്ങളിൽ, അണുബാധ ബ്രോങ്കൈറ്റിസ്, ന്യുമോണിയ അല്ലെങ്കിൽ ആസ്ത്മ
കൂടുതൽ ശ്രദ്ധിക്കേണ്ടവർ
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രത്യേകിച്ച് ശിശുക്കൾ, മുതിർന്നവരിൽ പ്രത്യേകിച്ച് 65 വയസ്സിന് മുകളിലുള്ളവർ, ദുർബലമായ രോഗപ്രതിരോധ ശേഷി അല്ലെങ്കിൽ ആസ്ത്മ അല്ലെങ്കിൽ സിഒപിഡി പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകൾ ഉള്ള വ്യക്തികൾ എന്നിവർ വളരെയധികം സൂക്ഷിക്കണം.
എങ്ങനെയാണ് പടരുന്നത്?
ചുമ, തുമ്മൽ എന്നിവ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം, മലിനമായ പ്രതലങ്ങൾ, വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകൾ എന്നിവയിൽ തൊടുന്നത് വഴി പടരുന്നു. ഇത് മിതശീതോഷ്ണ പ്രദേശങ്ങളിൽ ശൈത്യകാലത്തിന്റെ അവസാനത്തിലും വസന്തകാലത്തും ആണ് പടരുന്നത്.
മുൻകരുതലുകൾ
കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ് ദൈർഘ്യത്തിൽ എങ്കിലും കഴുകുക
കഴുകാത്ത കൈകൊണ്ട് മുഖം തൊടരുത്.
രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആളുകൾ തിങ്ങിക്കൂടുന്ന ഇടങ്ങളിലേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കുക
അസുഖം ഉള്ളപ്പോൾ വീട്ടിൽ വിശ്രമിക്കുക
ഇടക്കിടെ സ്പർശിച്ച പ്രതലങ്ങൾ വൃത്തിയായി തുടക്കുക
ചൈനയിൽ മാത്രമാണ് നിലവിൽ എച്ച്.എം.പി.വി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിലവിൽ ജാഗ്രതാ നിർദേശമില്ല. ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
ചൈനയിൽ പൊട്ടിപ്പുറപ്പെട്ടെന്നു പ്രചരിക്കുന്ന എച്ച്.എം.പി.വി. വൈറസ് കോവിഡ് 19 പോലെ ഗുരുതരമല്ലെന്ന് ഗവേഷകർ. ഇതൊരു കില്ലർ വൈറസ് അല്ലെന്നും എന്നാൽ, ചിലരിൽ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകാമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് റിസർച്ച് സെൽ കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ വ്യക്‌തമാക്കി.
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) എന്നറിയപ്പെടുന്ന ഈ വൈറസ് കുട്ടികളിൽ സാധാരണമായി കണ്ടുവരുന്നതാണ്. ഇതിന് വാക്‌സിനോ ആന്റി വൈറൽ ചികിത്സകളോ വൈദ്യശാസ്‌ത്രം ശിപാർശ ചെയ്‌തിട്ടുമില്ല. കടുത്ത ന്യൂമോണിയ സൃഷ്‌ടിച്ച് രോഗിയെ ഗുരുതരാവസ്‌ഥയിൽ എത്തിക്കാൻ പൊതുവേ ശേഷിയുള്ളതുമല്ല ഈ വൈറസ്. ലക്ഷോപലക്ഷം മനുഷ്യരുടെ ജീവഹാനിക്ക് ഇടയാക്കിയ കോവിഡ് 19 വൈറസുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ലെന്നും അത്തരം ആശങ്കയ്‌ക്ക് വകയില്ലെന്നും ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
കുട്ടികളിൽ മിക്കവർക്കും തന്നെ നാലോ അഞ്ചോ വയസിനിടയിൽ എച്ച്.എം.പി.വി. പിടിപെടുന്നത് സാധാരണമാണ്. മുതിർന്നവരിൽ എച്ച്.എം.പി.വി. നേരിയ ലക്ഷണങ്ങളേ കാണിക്കുന്നുള്ളൂ. അതേസമയം, ബ്രോങ്കിയോലോയ്‌റ്റിസും വലിവും നന്നേ ചുരുക്കം ചിലർക്ക് എച്ച്.എം.പി.വി. മൂലം ഉണ്ടാകാറുണ്ട്. കടുത്ത ശ്വാസകോശരോഗങ്ങൾ ഉള്ളവർക്ക് എച്ച്.എം.പി.വി. പ്രശ്‌നമുണ്ടാക്കാനിടയുണ്ട്.
ആശങ്ക വേണ്ടതില്ല, ഗർഭിണികൾ പ്രായമുള്ളവർ ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യം.. മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും മലയാളികൾ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെട ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലർത്തണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവക്ക് കാരണം. . ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം. എന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞത്.
HMPV Virus| Veena George| Precautions| China