ഇന്ത്യയില്‍ HMPV രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും പകർച്ച ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണേണ്ടതില്ല. വൈറസിന്റെ ജനിതക ഘടനയിൽ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ് . അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ അവരെയും നിരീക്ഷിക്കും. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും മറ്റു മുൻകരുതലുകൾ എടുക്കുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യുക. നിലവിൽ എച്ച്എംപിവി രോഗം ബാധിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുൾപ്പെടെ നിലവില്‍ രാജ്യത്താകെ ആറ് എച്ച്എംപിവി വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.