പാക് സ്ട്രൈക്ക് ബൗളർ ഷഹീൻ ഷാ അഫ്രീദി ഉൾപ്പടെ മൂന്നു പാക് താരങ്ങൾക്കെതിരെ ഐസിസിയുടെ നടപടി. പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ത്രിരാഷ്ട ഏകദിന പരമ്പരയിലെ കറാച്ചിയിൽ വച്ചുനടന്ന പാക്കിസ്ഥാൻ സൗത്താഫ്രിക്ക മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൗത്താഫ്രിക്കൻ ബാറ്ററായ മാത്യു ബ്രെറ്റ്സകെയുമായി ഉണ്ടായ വാക്പോരാണ് പ്രശ്നങ്ങൾക്ക് ആരംഭം.

സൗത്താഫ്രിക്കയുടെ ബാറ്റിങ്ങിൽ ഷഹീൻ അഫ്രീദി എറിഞ്ഞ ഒരു യോർക്കറിന് ബ്രെറ്റ്സകെ നൽകിയ റിയാക്ഷൻ ബൗളറിന് അത്ര രസിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. അമ്പയറും സഹതാരങ്ങളും ചേർന്നാണ് സ്ഥിതി ശാന്തമാക്കിയത്. പിന്നാലെ ബ്രെറ്റ്സകെ റണ്ണിനായി ഓടുമ്പോൾ അഫ്രീദി വഴി മുടക്കി നിൽക്കുകയും ചെയ്തു. ക്രിക്കറ്റ് മത്സരത്തിൽ അഗ്രെഷനും പ്രകോപനവുമെല്ലാം ഉണ്ടാകാമെങ്കിലും ഐസിസി ചട്ടങ്ങൾ പ്രകാരം നടന്ന സംഭവങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘനമാണ്. അതുകൊണ്ടു തന്നെ അഫ്രീദിക്ക് മാച്ച് ഫീയുടെ 25% പിഴയും ചുമത്തി. സസ്പെൻഷൻ നൽകിയിട്ടില്ല.

ഇതിനു പുറമെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമായെ പുറത്താക്കിയതിന് ശേഷമുള്ള അതിരുവിട്ട ആഹ്‌ളാദപ്രകടത്തിന് പാക് താരങ്ങളായ സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർക്കും ഐസിസി മാച്ച് ഫീയുടെ 10% പിഴ ചുമത്തി. മൂന്നു കളിക്കാർക്കും ഡീമെരിറ് പോയിന്റുകൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അധികം അച്ചടക്ക ലംഘനങ്ങൾ നടത്താത്തവരായതിനാൽ കൂടുതൽ നടപടികളിൽ നിന്നും രക്ഷപെട്ടു.