ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലതുപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.
കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി.മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്കെതിരെ പ്രൊസീക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കും. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.