ഷാർജ: എമിറേറ്റിലെ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊപ്പമല്ലാതെ സാമസിക്കുന്ന വ്യക്തികൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഷാർജ അധികൃതർ പ്രഖ്യാപിച്ചു. ഇന്നലെയാണ് പ്രഖ്യാപനം നടന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രതിവാര യോഗമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇതുസംബന്ധിച്ച് എമിറേറ്റിലുള്ള നിയമങ്ങളും സാഹചര്യവും എക്സിക്യൂട്ടീവ് കൗൺസിൽ യോഗം അവലോകനം ചെയ്തു. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ യോഗത്തിൽ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. നടപടിക്രമങ്ങൾ എങ്ങനെ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്നതിനെ കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. നിയന്ത്രണം കർശനമാക്കാനും എക്സിക്യൂട്ടീവ് കൗൺസിൽ നിർദേശിച്ചു.
ഷാർജയിലെ ചില റെസിഡൻഷ്യൽ ഏരിയകൾ കുടുംബങ്ങൾക്ക് മാത്രം താമസിക്കാനുള്ളതാണ്. ഈ പ്രദേശങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ പതിവായി പരിശോധനകൾ നടത്താറുമുണ്ട്. നിയമങ്ങൾ ലംഘിച്ചതിന് നിരവധിപേർക്കെതിരെ മുൻ കാലങ്ങളിൽ നടപടി ഉണ്ടായിട്ടുമുണ്ട്. ആയിരക്കണക്കിന് അവിവാഹിതരെയാണ് അവരുടെ താമസസ്ഥലങ്ങളിൽ നിന്നും പുറത്താക്കിയത്.