രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ആദ്യ ഇന്നിങ്‌സിൽ 445 റൺസാണ് ഇന്ത്യ കുറിച്ചത്. വാലറ്റം വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയതാണ് 400 കടക്കാൻ ആതിഥേയരെ സഹായിച്ചത്. ആദ്യ ടെസ്റ്റ് കളിക്കുന്ന ധ്രുവ് ജുറേൽ 46 റൺസെടുത്തും സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 37 റൺസെടുത്തും പുറത്തായി. ജസ്പ്രീത് ബുംറയും(26) മികച്ചപിന്തുണ നൽകി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാലും രഹാൻ അഹമ്മദ് രണ്ടും വിക്കറ്റ് നേടി. ഇംഗ്ലണ്ട് മറുപടി ബാറ്റിങ് തുടങ്ങി. 326-5 എന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക് സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
112 റൺസിൽ നിൽക്കെ ജോ റൂട്ടാണ് പുറത്തക്കിയത്. പിന്നാലെ നൈറ്റ്‌വാച്ച്മാനായി ഇറങ്ങിയ കുൽദീപ് യാദവും(4) പുറത്തായി. തുടർന്ന് ഒത്തുചേർന്ന ആർ അശ്വിൻ-ധ്രുവ് ജുറേൽ കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടു പോയി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജുറേൽ 46 റൺസെടുത്ത് പുറത്തായി. രഹാൻ അഹമ്മദിന്റെ പന്തിൽ ഫോക്‌സ് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 37 റൺസുമായി അശ്വിനും മടങ്ങിയെങ്കിലും ഇന്ത്യൻ സ്‌കോർ 400 കടന്നിരുന്നു.