വിശാഖപട്ടണം: പേസർ ജസ്പ്രീത് ബുംറയുടെ മാസ്മരിക ബൗളിങ്ങിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 55.5 ഓവറിൽ 253 റൺസിന് പുറത്തായി.
ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. ബുംറ ആറു വിക്കറ്റുകൾ നേടി. 15.5 ഓവറിൽ 45 റൺസ് മാത്രം വഴങ്ങിയാണ് താരം ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. അഞ്ച് മെയ്ഡൻ ഓവറുകളും എറിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുംറ പിന്നിട്ടു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന് മുതലെടുക്കാനായില്ല.
76 പന്തിൽ 78 റൺസെടുത്ത ഓപ്പണർ സാക്ക് ക്രൗലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഏകദിന ശൈലിയിൽ ബാറ്റുവീശിയ താരം രണ്ടു സിക്സും 11 ഫോറും നേടി. നായകൻ ബെൻ സ്റ്റോക്സ് 54 പന്തിൽ 47 റൺസെടുത്തു. ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റിന് 114 റൺസെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ടിന്‍റെ മധ്യനിരയെ തരിപ്പണമാക്കിയത്. സ്കോർ 59ൽ നിൽക്കെയാണ് 21 റൺസെടുത്ത് ഓപ്പണർ ബെൻ ഡക്കറ്റ് പുറത്താകുന്നത്. കുൽദീപ് യാദവിന്‍റെ പന്തിൽ രജത് പട്ടീദാർ ക്യാച്ചെടുത്താണ് താരം മടങ്ങിയത്.
അക്സറിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ക്രൗലിയെ ശ്രേയസ് അയ്യർ ഗംഭീര ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. സ്റ്റോക്സിന്‍റെ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ട് സ്കോർ 200 കടത്തിയത്. ഒലി പോപ്പ് (55 പന്തിൽ 23), ജോ റൂട്ട് (10 പന്തിൽ അഞ്ച്), ജോണി ബെയർസ്റ്റോ (39 പന്തിൽ 25), ബെൻ ഫോക്സ് (10 പന്തിൽ ആറ്), റെഹാൻ അഹ്മദ് (15 പന്തിൽ ആറ്), ടോം ഹാർട്‍ലി (24 പന്തിൽ 21), ജെയിംസ് ആൻഡേഴ്സൻ (19 പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. എട്ടു റൺസുമായി ശുഐബ് ബഷീർ പുറത്താകാതെ നിന്നു.
ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 396 റൺസെടുത്തിരുന്നു. 290 പന്തുകളിൽനിന്ന് 209 റൺസെടുത്താണ് താരം പുറത്തായത്. ഏഴു സിക്സും 19 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
277 പന്തുകളില്‍നിന്നാണ് യശസ്വി കരിയറിലെ ആദ്യ ഡബിൾ സെഞ്ച്വറി നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, രോഹിത് ശർമ എന്നിവർക്കു ശേഷം ഇരട്ട സെഞ്ച്വറി തികക്കുന്ന നാലാമത്തെ താരമാണു യശസ്വി. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ച്വറി നേടിയിട്ടുണ്ട്.
ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 60 റൺസ് കൂട്ടിചേർക്കുന്നതിനിടെ ബാക്കി നാലു വിക്കറ്റുകളും നഷ്ടമായി. ജയ്സ്വാളിനെ കൂടാതെ, ആർ അശ്വിൻ (37 പന്തിൽ 20), ബുംറ (ഒമ്പത് പന്തിൽ ആറ്), മുകേഷ് കുമാർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എട്ടു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൺ, ശുഐബ് ബഷീർ, റെഹാൻ അഹ്മദ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം നേടി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ അഞ്ചു ഓവറിൽ 28 റൺസെടുത്തിട്ടുണ്ട്. 17 പന്തിൽ 15 റൺസുമായി ജയ്സ്വാളും 13 പന്തിൽ 13 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. ഇന്ത്യയുടെ ലീഡ് 171 റൺസായി.