ഡല്‍ഹി: ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ ജുഡീഷ്യറി അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂര്‍ണ പരാജയമാണെന്നും ദുഷ്യന്ത് ദവെ വിമര്‍ശിച്ചു. ലൈവ് ലോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.വൈ. ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന്, പൂര്‍ണ പരാജയമാണെന്നായിരുന്നു മറുപടി. ഡി.വൈ. ചന്ദ്രചൂഡിനോട് ബഹുമാനമുണ്ട്. നേരത്തെ മുതല്‍ സൗഹൃദമുണ്ട്. പക്ഷേ, പദവിയില്‍ അദ്ദേഹം പൂര്‍ണ പരാജയമായിരുന്നു. പദവിയിലിരുന്ന ഒരു വര്‍ഷം ഒന്നും നേട്ടമായി ചൂണ്ടിക്കാണിക്കാനില്ല. അദ്ദേഹം സ്ഥാനമേറ്റപ്പോള്‍ എന്തെങ്കിലും ചെയ്യുമെന്നും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. ഘടനാപരമായ പരിഷ്‌കാരങ്ങളാണ് നമുക്ക് വേണ്ടത് -ദുഷ്യന്ത് ദവെ പറഞ്ഞു.