കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സാബുവിനെ ബാങ്കിന്റെ കോണിപ്പടിയിലെ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സാബു കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ നിക്ഷേപ തുക തിരികെ ലഭിച്ചില്ല എന്നാണ് സൂചന. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.
സാബു ഇവിടെ 80 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായാണ് വിവരം. മുന്‍പ് സാബു ബാങ്കിനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് ധാരണയില്‍ എത്തിയിരുന്നു. ഇതനുസരിച്ച് പണം നല്‍കുന്നുണ്ടായിരുന്നുവെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്.
ഇന്നലെ പണം തിരികെ ആവശ്യപ്പെട്ട് സാബു വീണ്ടും ബാങ്കില്‍ എത്തിയിരുന്നു. സാബുവിന്റെ ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ ആശുപത്രിയിലാണ്. പണം തിരികെ നല്‍കുന്നതിനെ ചൊല്ലി ബാങ്ക് ഉദ്യോഗസ്ഥരുമായി സാബു ചെറിയ തോതില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് വിവരം. തുടര്‍ന്ന് മടങ്ങിപ്പോയ സാബുവിനെ ഇന്ന് രാവിലെ വീട്ടുകാര്‍ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ബാങ്കിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തിന് ഉത്തരവാദി ബാങ്കെന്ന് ആരോപിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം ചോദിച്ചപ്പോള്‍ ബാങ്ക് തിരികെ നല്‍കിയില്ല. ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ അപമാനിച്ചു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.