ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയായാണ് നടപടിയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സിവിലിയന്മാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് അധികൃതർ പറഞ്ഞു. നേരത്തേ ഇർബിലിൽ യു.എസ് എയർബേസിൽ ഇറാൻ അനുകൂല സംഘങ്ങൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു യു.എസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു ഒരാളുടെ നില ഗുരുതരമാണ്. യു.എസ് താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, യു.എസ് ആക്രമണത്തെ ഇറാഖ് അപലപിച്ചു. ഗസ്സയിൽ യു.എസ് പിന്തുണയോടെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഇറാഖിലെ അമേരിക്കൻ സൈനികരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇറാഖിൽ 2500ഓളവും സിറിയയിൽ 900വും അമേരിക്കൻ സൈനിക ട്രൂപ്പുകളാണുള്ളത്.
Read More:- തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി