യു എസ്, ഖത്തർ എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി നിന്നെടുത്ത ഒത്തുതീർപ്പനുസരിച്ചു ആറ് ബന്ദികളെ മോചിപ്പിച്ചിട്ടും തടവിലുള്ള പലസ്തീനികളെ മോചിപ്പിക്കാതെ ഇസ്രായേൽ. ഇസ്രയേലിന്റെ ഈ നീക്കം ഹമാസിനുള്ള ഉചിതമായ മറുപടിയാണെന്നു പറഞ്ഞുകൊണ്ട് ഒത്തുതീർപ്പു ലംഘനത്തെ പിൻതുണച്ചുകൊണ്ടു വൈറ്റ് ഹൗസും രംഗത്തെത്തി. ഹമാസ് ബന്ധികളോട് ക്രൂരമായി പെരുമാറുന്നു എന്നാരോപിച്ചാണ് ബന്ദികളായ പലസ്തീനികളെ മോചിപ്പിക്കാത്തതെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഇതിനെ പിന്തുണച്ചാണ് യു എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യുസ് രംഗത്തെത്തിയത്.

അന്യായമായി വര്ഷങ്ങളോളം തടവിൽ കഴിയുന്ന കുട്ടികളും സ്ത്രീകളും ഉപടെയുള്ളവരെ മോചിപ്പിക്കാത്ത നടപടി ഒത്തുതീർപ്പു കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് പറഞ്ഞു. ഇത് വെടിനിർത്തൽ കരാറിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഇസ്രയേലിന്റെ വെറും മുട്ടാപ്പോക്കു ന്യായമാണെന്നും തടവുകാരുടെ കൈമാറ്റ ചടങ്ങുകൾ അത്യന്തം അപമാനകരമാണെന്നുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഈ നടപടിയിലൂടെ വെടിനിർത്തൽ കരാർ പാലിക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നും ഹമാസ് വിമർശിച്ചു. 6 ബന്ദികളെ ഹമാസ് മോചിപ്പിക്കുമ്പോൾ 620 ബന്ദികളെ ഇസ്രായേൽ മോചിപ്പിക്കും എന്നതാണ് ധാരണ. ഇതിലാണ് ഇപ്പോൾ ഇവർ മലക്കം മറിഞ്ഞിരിക്കുന്നത്. തടവുകാരെ മോചിപ്പിക്കുന്നത് അപമാനകാരമല്ലെന്നും അങ്ങേയറ്റം മനുഷ്യത്വം വിളിച്ചോതുന്ന പ്രവർത്തിയാണെന്നും ഹമാസ് പറഞ്ഞു.
കരാറിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട 4 ബന്ദികളുടെ കൂടെ മൃതദേഹം ഹമാസ് ഇസ്രായേലിനു കൈമാറും. എന്നാൽ വെടിനിർത്തൽ നടപ്പാക്കുകയും ഇസ്രായേൽ സൈന്യം പൂർണമായും പിൻവാങ്ങാതെയും ബന്ദികളെ ഇനി കൈമാറ്റം ചെയ്യില്ലെന്ന് ഹമാസ് വ്യക്തമാക്കി.