സിം ഡീആക്ടീവ് ആയാൽ പിന്നീട് ആക്ടീവ് ആക്കി നിലനിർത്താൻ ചുരുങ്ങിയത് 199 രൂപയ്ക്കെങ്കിലും റീചാർജ്ജ് ചെയ്യണം. അതുകൊണ്ട് തന്നെ രണ്ട് സിം ഉള്ള ഫോണിൽ ഒരു സീം ഇടക്കെങ്കിലും ഡീആക്ടീവ് ആകുന്നത് പതിവാണ്. പിന്നീട് ആക്ടീവ് ആക്കാൻ 199 രൂപയോളം റീചാർജ്ജും ചെയ്യേണ്ടി വരും. എന്നാൽ ഇനി മുതൽ ആക്ടീവ് ആക്കാൻ ഇത്രവലിയ തുക മുടക്കണ്ട.
ഒരുപാട് കാലം ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാർഡുകൾ പ്രവർത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാറ്റങ്ങൾ വരുത്തി. സിം കാർഡിൽ കുറഞ്ഞത് 20 രൂപ ബാലൻസുണ്ടെങ്കിൽ ഇനി മുതൽ സിം ആക്റ്റീവായി നിലനിർത്താം.
പുതിയ മാറ്റങ്ങൾ പരിശോധിക്കാം
90 ദിവസക്കാലം കോളിനോ മെസേജിനോ ഡാറ്റയ്‌ക്കോ മറ്റ് സർവീസുകൾക്കോ സിം കാർഡ് ഉപയോഗിച്ചില്ലെങ്കിൽ സിം ഡീആക്റ്റിവേറ്റാകും. 90 ദിവസം കഴിയുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 20 രൂപയെങ്കിലുമുണ്ടെങ്കിൽ അത് ഓട്ടോമാറ്റിക്കായി ഡിഡക്റ്റ് ചെയ്യപ്പെടുകയും സിം കാലാവധി 30 ദിവസം നീട്ടിലഭിക്കുകയും ചെയ്യും. ബാലൻസ് 20 രൂപയോ അതിലധികമോ ഉള്ള എത്ര കാലത്തേക്ക് വേണമെങ്കിലും ഇത്തരത്തിൽ സിം കാലാവധി നീട്ടിലഭിക്കും.
അതേസമയം ബാലൻസ് 20 രൂപയിൽ താഴെയായാൽ സിം കാർഡ് ഡീയാക്റ്റിവേറ്റ് ചെയ്യപ്പെടും.
എന്നാൽ സിം പ്രവർത്തനരഹിതമായി 15 ദിവസത്തിനുള്ളിൽ 20 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ നിങ്ങൾക്ക് സിം കാർഡിനെ പുനരുജീവിപ്പിക്കാനാകും.