കൽപ്പറ്റ: വയനാട്ടിലെ ഭക്ഷ്യക്കിറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യുഡിഎഫും എൽഡിഎഫും നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.ഈ ആരോപണം ബിജെപിക്കെതിരെയല്ല, ആദിവാസി ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അവരോട് മാപ്പുപറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറാവണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നാളെ കഴിയും. ഈ ഒരു കളങ്കം ആദിവാസി സമൂഹത്തിന് മേൽ ചാർത്തുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. ഇരുന്നൂറ് രൂപയുടെ കിറ്റ് കൊടുത്താൽ അവർ വോട്ട് ചെയ്യുമെന്നാണോ നിങ്ങൾ കണക്കാക്കുന്നത്?. അങ്ങേയറ്റം വേദനാജനകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. അതിന് ആദിവാസി ഗോത്ര സമൂഹം തക്കാതായ മറുപടി നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഹുൽഗാന്ധി ഇത്തവണയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പറഞ്ഞ നടന്നവരുടെ ആത്മവിശ്വാസം നഷ്ടമായതോടെയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. കോൺഗ്രസ് ഇത്രവെപ്രാളം കാണിക്കുന്നതിന് പിന്നിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ വയനാട്ടിൽ ശക്തമായ വികാരം അലയടിക്കുകയാണ്. അമേഠിയിലെ വീട് പെയിന്റ് അടിക്കുകയാണ് രാഹുൽ. 26ാം തീയതി അഞ്ച് മണി കഴിഞ്ഞാൽ പുള്ളി അങ്ങോട്ട്‌പോകും. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. നിരാശയിൽ നിന്ന് ഉയർന്നതാണ് ഈ ആരോപണമെന്നും സുരേന്ദ്രൻ പറഞ്ഞു.