ഡൽഹി: ശ്രീരാമൻ തന്റെ ഹൃദയത്തിലാണെന്നും അത് കാണിക്കാൻ ഒരു പരിപാടിയിലും പങ്കെടുക്കേണ്ടതില്ലെന്നും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിൽ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സിബലിന്റെ മറുപടി.
‘എന്റെ ഹൃദയത്തിൽ രാമനുണ്ട്. അത് പുറത്തുകാണിച്ചുനടക്കേണ്ട ആവശ്യമില്ല. ഞാൻ നിങ്ങളോട് പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. കാരണം ഈ കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. രാമൻ എന്റെ ഹൃദയത്തിലുണ്ടെങ്കിൽ, എന്റെ ഇതുവരെയുള്ള യാത്രയിലുടനീളം രാമനാണ് നയിച്ചതെങ്കിൽ അതിനർഥം ഞാൻ എന്തെങ്കിലും ശരിയായി ചെയ്തു എന്നാണ്’- സിബൽ പറഞ്ഞു.
രാമക്ഷേത്ര നിർമാണമൊക്കെ വെറും പ്രഹസനമാണെന്നും കാരണം ഭരിക്കുന്ന പാർട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും എവിടെയും രാമനുമായി സാമ്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
‘ഈ വിഷയമൊക്കെ വെറും പ്രഹസനമാണ്. ബിജെപി രാമനെ കുറിച്ച് സംസാരിക്കുന്നു. പക്ഷേ അവരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എവിടെയും രാമനുമായി ഒരു ബന്ധവുമില്ല. സത്യസന്ധത, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരെ ബഹുമാനിക്കൽ തുടങ്ങിയവയാണ് രാമന്റെ പ്രത്യേകതകൾ. എന്നാൽ അവർ നേരെ വിപരീതമാണ് ചെയ്യുന്നത്. എന്നിട്ടും തങ്ങൾ രാമക്ഷേത്രം നിർമിക്കുന്നു, രാമനെ പുകഴ്ത്തുന്നു എന്നൊക്കെ അവർ പറയുന്നു’- കബിൽ വിശദമാക്കി.
‘നിങ്ങളുടെ ഹൃദയത്തിലുള്ളത് രാമനല്ല. നിങ്ങളുടെ ഹൃദയത്തിൽ രാമന്റെ തത്ത്വങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ തത്വങ്ങൾ പാലിച്ച് ഭരണഘടനാ ലക്ഷ്യങ്ങൾ നിറവേറ്റുകയും കൂടി വേണം’- കപിൽ സിബൽ ചൂണ്ടിക്കാട്ടി. സോണിയാഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണമുണ്ട്.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സോണിയാ ഗാന്ധി സ്വീകരിച്ചു. സോണിയ അല്ലെങ്കിൽ അവരുടെ പ്രതിനിധിസംഘം ചടങ്ങിൽ പങ്കെടുക്കും. പോസ്റ്റീവായാണ് സോണിയ ക്ഷണത്തെ കാണുന്നതെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കിയിരുന്നു.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ദിന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. 2000 പ്രമുഖരടക്കം 8000 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മോഹൻലാലിനും ക്ഷണമുണ്ട്. അമിതാഭ് ബച്ചൻ, രജനീകാന്ത്, അക്ഷയ് കുമാർ, മാധുരി ദീക്ഷിത്, രാജ്കുമാർ ഹിരാനി, സഞ്ജയ് ലിലാ ബൻസാലി എന്നി ബോളിവുഡ് താരങ്ങളും സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റാ തുടങ്ങിയവരും ക്ഷണം ലഭിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.
Read More:- പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇന്ത്യ മുന്നണിയിൽ അഭിപ്രായ ഭിന്നത