കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിവൽ ദീഷ്‌ണയ്‌ക്കിടെയുണ്ടായ ദുരന്തത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികൾ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സർജറി, ഓർത്തോപീഡിക്ക് വിഭാഗത്തിലെ ഡോക്‌ടർമാർ ആശുപത്രികളിൽ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ രാത്രി 8:30ന് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.
വ്യവസായ മന്ത്രി പി.രാജീവ്, ഉന്നതവിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു എന്നിവരെ ഏകോപന പ്രവർത്തനങ്ങൾക്കായി കളമശേരിയിലേക്ക് നിയോഗിച്ചു. ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജും ഏകോപിപ്പിക്കും. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കുസാറ്റിൽ അപകടമുണ്ടായത്. നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.