കോഴിക്കോട്: കർണാടക ആർ.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ കേരളത്തിലേക്ക്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ് 2.0 സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകളുണ്ട്. കാസർകോട്ടേയ്ക്ക് ഒരു സർവീസേ ഉള്ളൂ. ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നാകും ബസ് പുറപ്പെടുക.
നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ് ക്ലാസ് 2.0. പുതിയ 20 വോൾവൊ ബസ്സുകളാണ് കർണാടക ആർ.ടി.സി. അടുത്തിടെ പുറത്തിറക്കിയത്. വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വിജയിച്ചതിനെ തുടർന്നാണ് റെഗുലർ സർവീസ് ആരംഭിച്ചത്.
15 മീറ്ററാണ് ബസ്സിന്റെ നീളം. 3.5 ശതമാനം അധികം ലെഗ്‌റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനൽച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും പ്രത്യേകതയാണ്. ഫയർ അലാറം ആൻഡ് പ്രൊട്ടക്ഷൻ സിസ്റ്റം (എഫ്.എ.പി.എസ്.) ഉൾപ്പെടെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങൾ ബസ്സിലുണ്ട്. തീപ്പിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടർ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാൻ സാധിക്കുംവിധമാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.