തൊട്ടുമുമ്പിൽ മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ,… കാതൽ എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇങ്ങനെ തോന്നിയില്ലെങ്കിൽ അദ്ഭുതമില്ല. ഓരോ മലയാളിയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് കാതൽ. 12 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബിയാണ്. ചില ഗൾഫ് രാജ്യങ്ങളിൽ വിലക്ക് നേരിടുന്ന സിനിമയ്ക്ക് ആദ്യ പ്രദർശനത്തിന് പിന്നാലെ ഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വൈകാരികമായി പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന ചിത്രമാണ് കാതലെന്ന് കണ്ടിറങ്ങിയവർ പറയുന്നു, ചിത്രത്തിന്റെ ഓരോ സീനുകളും അതിമനോഹരമാണ്. ഉദ്ദേശിച്ച കാര്യം വളരെ വൃത്തിയായി കാഴ്ചക്കാരിലേയ്‌ക്ക് എത്തിക്കാൻ ജിയോ ബേബിക്ക് കഴിഞ്ഞു. വ്യത്യസ്തമായ പ്രമേയം കണ്ടിറങ്ങുന്ന ഓരോരുത്തരിലും സ്വാധീനം ചെലുത്തുമെന്നത് ഉറപ്പാണ്. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതും എന്നാൽ പലരും പറയാൻ മടിക്കുന്നതുമായ കാര്യമാണ് ചിത്രത്തിലൂടെ സംവിധായകൻ ജിയോ ബേബി വരച്ചുകാട്ടുന്നത്. കണ്ണൂർ സ്‌ക്വാഡിന് ശേഷം റിലീസായ മമ്മൂട്ടി ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നുചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഛായാഗ്രഹണം സാലു കെ തോമസ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയും ചേർന്നാണ് രചന. വേഫെറെർ ഫിലിംസ് ആണ് വിതരണം.