രണ്ടാം പിണറായി സർക്കാരിനെതിരെ ഒട്ടനേകം ആരോപണങ്ങൾ നിലനിൽകുകയും തദ്ദേശവും നിയമസഭയും ഉൾപ്പടെ തിരഞ്ഞെടുപ്പുകൾ വൈകാതെ നടക്കാനും പോകുന്നതിനാൽ ഈ ബജറ്റ് ഏറ്റവും നിർണ്ണായകമാവുക ഈ സർക്കാരിന് തന്നെയാകും. ആരോപണങ്ങളിലുമുപരി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ അതിനെയെല്ലാം മറികടന്ന് ബജറ്റ് എങ്ങനെ ജനകീയമാക്കാം എന്ന ഫോർമുല കണ്ടെത്തുക എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളി. നികുതിയേതര വരുമാന വർധനവിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും സംസ്ഥാന ബഡ്ജറ്റിന്റെ രൂപീകരണം എന്നാണ് മനസിലാകുന്നത്.
![ബജറ്റ്](https://depc09ab35j69.cloudfront.net/wp-content/uploads/2025/02/1x-1-1024x683.jpg)
പ്രഖ്യാപിതമായുള്ള ചില നയങ്ങളിലെ മാറ്റങ്ങളും പുതിയ നയങ്ങൾ ആവിഷ്കരിക്കാനും ചിലതു പരിഷ്കരിക്കാനും ഒകെ സാധ്യതയുള്ളതിനാലും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതിനാലും ജനപ്രിയമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കാണ് കേരള ജനത കാത്തിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്ന വലിയ ലക്ഷ്യത്തിനു പ്രഥമ പരിഗണന നൽകിയാകും ബജറ്റിൽ വരാനിരിക്കുന്ന മറ്റു പ്രഖ്യാപനങ്ങൾ. ടോളുകൾ റദ്ദാക്കണം എന്ന പ്രഖ്യാപിത ഇടതു നയത്തിൽ നിന്നും വ്യതിചലിച്ചാണ് ഇപ്പോൾ കിഫ്‌ബി റോഡുകളിൽ ടോൾ ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം, വിവിധ പദ്ധതികൾക്കുള്ള പണം കണ്ടെത്താനുള്ള സേവന നിരക്കുകളിലെ പരിഷ്‌കാരം, ക്ഷേമ പെൻഷനിലെ വർദ്ധനവ് എന്നിവ ഈ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു. ജനപ്രിയ നിർദേശങ്ങളും പ്രഖ്യാപനങ്ങളും എന്തൊക്കെയാകും എന്നാണ് കേരള ജനത ഉറ്റുനോക്കുന്നത്.