തിരുവനന്തപുരം : കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടി നൽകി മന്ത്രി റോഷി അഗസ്റ്റിൻ. പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കുമെന്നും റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.
”38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും കേരളാ കോൺഗ്രസ് എം നിങ്ങൾക്ക് (യുഡിഎഫിന്) ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് താഴെയിറക്കി. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം ചേർത്തു. ആ സർക്കാർ മലയോരമേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിൽ 100% ശ്രമം നടത്തി. മലയോര മേഖലയിലെ പ്രശ്നങ്ങൾ എല്ലാം ഈ സർക്കാർ പരിഹരിക്കും. എവിടെ പ്രശ്നമുണ്ടെങ്കിലും പരിഹരിക്കും. സർക്കാരിനൊപ്പം കേരള കോൺഗ്രസ് ഉറച്ചുനിൽക്കും. കേരള കോൺഗ്രസ് മുന്നണി മാറ്റത്തിനില്ല. മലയോര കർഷകർക്ക് ഒപ്പമുളള പിണറായി സർക്കാരിനൊപ്പമാണെന്നും”- റോഷി അഗസ്റ്റിൻ.