കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം മോശമാണെന്നും ഒരു അഴിച്ചുപണി നടന്നില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വീണ്ടും പിന്നോട്ട് പോകുമെന്നും കേരളത്തിൽ നിന്നുള്ള നേതാക്കൾ. കെ സുധാകരന്റെ ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് കേരള നേതാക്കൾ കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷിയെ കണ്ടു കാര്യങ്ങൾ വ്യക്തമാക്കിയത്. ഹൈക്കമാൻഡിന്റെ പ്രത്യേക യോഗം ഇന്ന് നടക്കാനിരിക്കെ രാഹുൽ ഗാന്ധി നേതാക്കളെ കണ്ടു ഇക്കാര്യം ചർച്ച ചെയ്യും. കെ പി സി സി പുനഃസംഘടന എത്രയും പെട്ടെന്ന് തന്നെ നടത്തണം എന്നതാണ് ഇവരുടെ ആവശ്യം

അധ്യക്ഷസ്ഥാനത്തു നിന്നും തന്നെ മാറ്റിയാലും സാരമില്ലെന്നും ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും നിലവിലെ അധ്യക്ഷൻ കെ സുധാകരൻ എം പി പറഞ്ഞു. താൻ പൂർണ തൃപ്തനാന്നെനും നിറഞ്ഞ മനസോടെ ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി. ബെന്നി ബെഹനാൻ, അടൂർ പ്രകാശ് എന്നിവരാണ് നിലവിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് അധികം പറഞ്ഞു കേൾക്കുന്ന പേരുകൾ.
കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണമെന്നും ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചിരുന്നു. പുനഃസംഘടന പട്ടിക യോഗത്തിനു പിന്നാലെ പുറത്തു വിട്ടേക്കുമെന്നുമാണ് നിലവിൽ അറിയാൻ സാധിക്കുന്നത്.