രഞ്ജി ട്രോഫി ഒന്നാം ക്വാർട്ടർ ഫൈനലിൽ കേരളത്തിന് മുന്നിൽ റൺമല തീർത്ത് ജമ്മു ആൻഡ് കാശ്മീർ. 9 വിക്കറ്റിന് 399 എന്ന സ്‌കോറിൽ ജമ്മു ആൻഡ് കാശ്മീർ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തു.ആദ്യ ഇന്നിങ്സിൽ ഒരു റൺ ലീഡ് നേടിയ കേരളം ടീം ആത്മവിശ്വാസത്തിലായിരുന്നു. 78 ന് 3 എന്ന നിലയിൽ നിന്നും ക്യാപ്റ്റൻ പരാസ് ദോഗ്രയുടെ മിന്നുന്ന സെഞ്ചുറിയും കീപ്പർ കനയ്യ വാധ്വാൻ, സഹിൽ ലോത്ര എന്നിവരുടെ അർധസെഞ്ചുറികളുടെയും ബലത്തിൽ 399 എന്ന ലക്ഷ്യം ഉയർത്തി. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി ഈ മത്സരത്തിൽ 10 വിക്കെറ്റ് സ്വന്തമാക്കി. ബേസില്‍ എന്‍ പി, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാലാം ദിനമായ ഇന്ന് കളി അവസാനിക്കുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്.
ഒരു ദിനവും 8 വിക്കറ്റും ബാക്കി നിൽക്കെ കേരളത്തിന് ഇനി 299 റൺസ് കൂടെ നേടിയാൽ ജയിക്കാനാകൂ. കേരളം വിജയത്തിന് വേണ്ടി ശ്രമിക്കുമോ അതോ സമനിലയ്ക്ക് വേണ്ടി കളിക്കുമോ എന്ന് കണ്ടറിയണം. രഞ്ജി ട്രോഫി നിയമങ്ങൾ പ്രകാരം സമനില പിടിച്ചാലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാകും.