വയനാട്: പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തിൽ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി മരോട്ടി തടത്തിൽ പ്രജീഷാണ് (36) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. നരഭോജി കടുവയെ വെടിവെച്ച് കൊല്ലുക, നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. കടുവയെ പിടികൂടാൻ ഉത്തരവിറങ്ങിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ്.
പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം വൈകാതെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ഐ സി ബാലകൃഷ്ണൻ എം എൽ എയും ഉപവാസം അവസാനിപ്പിച്ചു. കടുവയെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. യുവാവിന്റെ മൃതദേഹം കണ്ടെത്തിയയിടത്ത് കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് പുറത്തിറക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ബത്തേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിലായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സർവകക്ഷി നേതാക്കളും ഉപവാസ സമരം നടത്തിവരികയായിരുന്നു. ഉത്തരവ് നൽകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ക്ഷീരകർഷകനായ പ്രജീഷ് പതിവുപോലെ രാവിലെ വാഹനവുമായി വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുല്ലരിയാൻ പോയതാണ്. വൈകിയും കാണാതായതോടെ അമ്മ ശാരദ അയൽവാസികളോട് വിവരം പറയുകയായിരുന്നു. തുടർന്ന് സഹോദരനും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം കടുവ സമീപത്ത് തന്നെയുണ്ടായിരുന്നു. ഇവരെ കണ്ടതോടെ കടുവ ശബ്ദമുണ്ടാക്കി മാറി.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റെയ്ഞ്ചിൽ ഇരുളം ഫോറസ്റ്റ് സെക്‌ഷനിൽപെടുന്ന ഭാഗത്താണ് സംഭവം നടന്നത്. ഇരുഭാഗവും കാപ്പിത്തോട്ടവും മദ്ധ്യത്തിലായി പുല്ല് വളർന്ന് നിൽക്കുന്ന വയലുമാണ്. പുല്ലരിഞ്ഞ് കൊണ്ടിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നത്. ഇവിടേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതിന്റെ അടയാളവുമുണ്ട്.