കൊച്ചി: അങ്കമാലി സഹകരണ അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിൻറെ മറവിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ തന്നെ ബാധ്യതയിലായവരും രംഗത്ത്. പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീൺ. അങ്കമാലി സഹകരണ അർബൻ ബാങ്ക് പ്രവീൺ ഇത് വരെ കണ്ടിട്ട് തന്നെയില്ല. വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് ബാങ്കിൽ നിന്നും പ്രവീണിന് നോട്ടിസ് ലഭിച്ചു. അതിൻറെ ഞെട്ടൽ മാറും മുൻപേ ഭാര്യക്കും അമ്മക്കും അച്ഛനുമെല്ലാം നോട്ടീസുകളെത്തി. എല്ലാവരും കൂടി അടക്കേണ്ടത് ആകെ 1 കോടി രൂപ.
പ്രവീണിന് മാത്രമല്ല 400 ലധികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നിക്ഷേപകർ ഇന്നലെ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. വായ്പ്പയെടുക്കാതെ ബാധ്യതയിലായവർ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. കർശനമായ നടപടിയുണ്ടായില്ലെങ്കിൽ നിക്ഷേപകർക്കൊപ്പം പ്രതിഷേധം ശക്തമാക്കാനാണ് നോട്ടീസ് കിട്ടിയവരുടെ തീരുമാനം.#angamali