കോഴിക്കോട്: കോഴിക്കോട് ലൈറ്റ് മെട്രോ ചർച്ചകൾ വീണ്ടും സജീവമാകുന്നു. കെഎംആര്‍എല്ലിന്‍റെ നേതൃത്വത്തില്‍ മൊബിലിറ്റി പ്ലാൻ തയ്യാറാക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കല്‍ കോളേജ് പാതകളാണ് ലൈറ്റ് മെട്രോയ്ക്കായി ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.
മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയായിരുന്നു ആദ്യ ഘട്ടത്തിലെ നിര്‍ദ്ദേശമെങ്കില്‍ നിലവില്‍ മീഞ്ചന്ത-രാമനാട്ടുകര, ബീച്ച്-മെഡിക്കല്‍ കോളജ് പാതകളാണ് പരിഗണനയില്‍. സാമ്പത്തിക ബാധ്യത അടക്കമുളള കാരണങ്ങളായിരുന്നു ആദ്യ ഘട്ടത്തില്‍ ലൈറ്റ് മെട്രോ ചര്‍ച്ചകളെ തല്ലിക്കെടുത്തിയത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടെന്നും ഡിപിആര്‍ അടക്കം തയ്യാറാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനുമാണ് കോഴിക്കോട് ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനം. കൊച്ചി മെട്രായ്ക്കാണ് പദ്ധതി സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കുന്നതടക്കം ചുമതല.
അനുദിനം രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കോഴിക്കോട് നഗരത്തില്‍ മെട്രോ പോലുളള ബദല്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ അനിവാര്യമെന്ന് യോഗം വിലയരുത്തി. ദിവസേന ഒരു ലക്ഷം വാഹനങ്ങളാണ് കോഴിക്കോട് നഗരത്തില്‍ കടന്നു വരുന്നതെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 167 ജീവനുകളാണ് നഗരത്തിലെ റോഡുകളിൽ പൊലിഞ്ഞത്.#light-metro