ലക്ഷ്മി രേണുക
നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിനെതിരെ ഇപ്പോൾ പ്രതിഷേധങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കേരളം മറന്ന തൊട്ടുകൂടായ്മ എന്തോ വലിയ അഭിമാനമാണ് എന്ന് കരുതുകയും അതിനെ വളരെ സ്വാഭാവികമായി അവതരിപ്പിക്കുകയുമാണ് കൃഷ്ണ കുമാർ ചെയ്തത്. എങ്ങനെയാണ് പണ്ടുകാലത്തെങ്ങോ നിലനിന്നിരുന്ന ജാതീയതയെ ഗൃഹാതുര സ്മരണയെന്നോണം ഓർത്തെടുക്കാനും അത് ലജ്ജയില്ലാതെ മറ്റുള്ളവർക്ക് മുന്നിൽ പറയാനും കഴിയുന്നത്?.
ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിൽപ്പെട്ടവർക്ക് മണ്ണില്‍ കുഴി കുത്തി അതില്‍ കഞ്ഞി വിളമ്പി കൊടുത്തിരുന്ന സമ്പ്രാദയം ഉണ്ടായിരുന്നു. ആ സമ്പ്രദായത്തെ കുറിച്ചാണ് നൊസ്റ്റാള്‍ജിയ നിറഞ്ഞു തുളുമ്പുന്ന വാക്കുകളിലൂടെ കൃഷ്ണ കുമാർ ഓര്‍ത്തെടുക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുൻപ് കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ സമൂഹ മാധ്യമത്തിലൂടെ ഒരു വ്ലോഗ് പങ്കുവച്ചിരുന്നു. ഈ വ്ലോഗിൽ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വ്ലോഗിൽ പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാർ ഓർമ്മ പങ്കുവെയ്ക്കുന്നത്. തന്റെ അച്ഛൻ എഫ്എസിടിയിൽ ജോലി ചെയ്തിരുന്ന കാലത്തെ കാര്യമാണ് കൃഷ്ണകുമാർ ഓർത്തെടുത്തത്. അഞ്ചുമാസം മുൻപുള്ള വീഡിയോ ഇപ്പോഴാണ് വൈറലാകുന്നതും ചർച്ചയാകുന്നതും. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ പറയുന്നത്. എന്നാൽ, പഴയ കാലത്തെ മനുഷ്യത്വ രഹിതമായ സംഭവത്തെ വലിയ കാര്യമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിക്കുന്നതെന്ന് കൃഷ്ണകുമാറിന്റെ വാക്കുകൾ അപമാനകരമായ പ്രസ്താവനയാണെന്നും അത് ദളിത് വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ്.
ഞങ്ങള്‍ തൃപ്പൂണിത്തറയില്‍ താമസിക്കുന്ന കാലത്ത് പറമ്പ് ഒക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. അവര്‍ രാവിലെ വരുമ്പോള്‍ ഒരു കട്ടന്‍ ചായ കുടിച്ചിട്ടായിരിക്കും വരുന്നത്. ഒരു പതിനൊന്ന് മണിയാകുമ്പോള്‍ ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്ത് വച്ചിരിക്കും. പണി എടുത്ത പറമ്പില്‍ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയില വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിളിച്ച വിരിച്ച കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും. കൊച്ചി മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണത്തിനായി പഴങ്കഞ്ഞി ഉണ്ടായിരുന്നു അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണെന്നാണ് കൃഷ്ണ കുമാര്‍ വീഡിയോയില്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ആകെ ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെയിരിക്കുന്നത്. ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവര്‍ കൃഷ്ണകുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ”അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാള്‍ജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവല്‍ ഷോ കാണാന്‍ എനിക്കല്‍പ്പം പോപ്‌കോണ്‍ തരൂ” എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം പറഞ്ഞത്.
നടൻ കൃഷ്ണകുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടിയും എത്തിയിരുന്നു. ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണെന്നും. കൃഷ്ണകുമാർ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നതെന്നും ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
ഇത്രയേറെ വിവാദങ്ങൾ കൃഷ്ണകുമാറിന് എതിരെ ഉയർന്നു കേൾക്കുമ്പോഴും വിവാദങ്ങളോടും വിമർശനങ്ങളോടും കൃഷ്ണകുമാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.