തിരുവനന്തപുരം: സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇ ബസുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. നിലവിൽ എവിടേക്കായാലും ഒരു യാത്രയ്ക്ക് പത്തുരൂപയാണ് നിരക്ക്. മിനിമം നിരക്ക് പത്തുരൂപയായി നിലനിറുത്തി ഓരോ ഫെയർസ്റ്റേജിനും അഞ്ചുരൂപാ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇടറോഡുകളിൽ ഓരോ 15 മിനിട്ടിലും സർവീസ് നടത്തുന്ന ഇ ബസുകളുടെ ഈ ഇടവേള 30 മിനിട്ടാക്കാനും ധാരണയായി. 110 ഇ ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്. സിറ്റി സർക്കുലർ ഇ ബസുകളിൽ പത്തു രൂപ ടിക്കറ്റ് ഏർപ്പെടുത്തിയത് ജനങ്ങൾ ആവശ്യപ്പെട്ടിട്ടല്ലെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ. ഈ നിരക്കിൽ മാറ്റമുണ്ടാകും. സർക്കാരിന്റെ പൈസ പോകുന്ന കാര്യം താൻ ചെയ്യില്ല. നഷ്ടത്തിലോടുന്ന ബസുകളും നിലനിറുത്തില്ല. ജീവനക്കാർക്ക് പഞ്ചായത്തോ, റസിഡന്റ്സ് അസോസിയേഷനോ അടിസ്ഥാന സൗകര്യം ഒരുക്കുന്നിടത്ത് മാത്രം സ്റ്റേ ബസ് ഏർപ്പെടുത്തും. വേൾഡ് മാർക്കറ്റിന് സമീപം കെ.എസ്.ആർ.ടി.സി സ്വിഫ്ട് യാർഡിൽ ജീവനക്കാർക്കുള്ള കാക്കി യൂണിഫോം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ ഡബിൾ ഡക്കർ ഇ ബസ് മന്ത്രി ഓടിച്ചു. രണ്ടുകിലോമീറ്ററോളം ജീവനക്കാരെയും മാദ്ധ്യമ പ്രവർത്തകരെയും കൂട്ടിയായിരുന്നു യാത്ര. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ആലോചിച്ച് നഗര കാഴ്ചകൾ വീക്ഷിക്കുന്ന യാത്രയ്ക്കായി പുതിയ ഡബിൾ ഡക്കർ ബസുകൾ ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.