തിരുവനന്തപുരം: ഓണാഘോഷസമയം സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ് ഓഫീസ് മുതൽ വർക്ക്ഷോപ്പ് – യൂണിറ്റുതലം വരെ പ്രതിദിന അവലോകന യോഗങ്ങൾ നടന്നിരുന്നു.
സബ് അസംബ്ലിയിലൂടെ പരമാവധി പ്രൊഡക്ഷൻ വരുന്ന രീതിയിൽ മെക്കാനിക്കുകളുടെ സേവനം ഫലപ്രദമായി വിന്യസിച്ച് പ്രയോജനപ്പെടുത്തുകയുണ്ടായി. ഇതോടെ ഓഫ്റോഡ് പരമാവധി കുറയ്ക്കുവാൻ സാധിച്ചിട്ടുണ്ട്. സ്പെയർ പാർട്സിന്റെ ലഭ്യത ഉറപ്പാക്കുകയും വർക് ഷോപ്പുകളിൽ പ്രൊഡക്ഷൻ വർധിപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എഞ്ചിൻ പ്രൊഡക്ഷൻ റെക്കോർഡ് എണ്ണത്തിൽ എത്തിക്കുവാൻ സാധിച്ചു.
കൂടാതെ മറ്റ് മെയിൻറനൻസ് ആവശ്യങ്ങൾക്കായുള്ള ഇൻ ഹോം ഐറ്റംസ് കൂടുതലായി ലഭ്യമാക്കുകയും ഇൻ ഹോം പ്രൊഡക്ഷൻ വർധിപ്പിക്കുവാനും സാധിച്ചു. എഞ്ചിൻ പോലുള്ള ക്രിട്ടിക്കൽ പാർട്ട്സ് ലഭിക്കുവാൻ മാസങ്ങളോളം സമയമെടുക്കുമായിരുന്ന അവസ്ഥയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. വർക് ഷോപ്പുകളുടെയും ഡിപ്പോ ഗാരേജുകളുടെയും പർച്ചേസ് വിഭാഗത്തിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുവാൻ കഴിഞ്ഞതുവഴി കാലതാമസം കൂടാതെ പടിപടിയായി ഓഫ് റോഡ് എണ്ണം കുറച്ച് ബസുകൾ വേഗത്തിൽ നിരത്തിലിറക്കുവാൻ സാധിച്ചു.
ഓഫ് റോഡ് കുറച്ചതിന് ആനുപാതികമായി ഏറ്റവും കാര്യക്ഷമമായും ലാഭകരമായും സർവീസുകൾ വർധിപ്പിക്കുന്നതിനുള്ള പരിശ്രമവും നടത്തിവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഏറ്റവും തിരക്കനുഭവപ്പെടുന്ന ഉത്രാട ദിനത്തിൽ ഓഫ് റോഡ് പരമാവധി കുറച്ച് 439 ൽ എത്തിക്കാൻ കഴിഞ്ഞു.#ksrtc